Friday, August 18, 2006

അശരീരികള്‍.

സമയ നിബന്ധനങ്ങള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ ഉണര്‍ന്നു വന്നതു ഒത്തിരി വൈകി.കുട്ടന്‍ നായര്‍ ചൊല്ലിയ "നരനായിങ്ങനേ ...നരകവാരിധി നടുവില്‍... ഒന്നും അറിഞ്ഞില്ല.

എപ്പൊഴോ ദേവയാനി വന്നതോര്‍ക്കുന്നു. പിന്നീടൊന്നും അറിഞ്ഞില്ല. എപ്പോഴോ തിരുവാതിരക്കാറ്റു വീശിയതും ഒരു വലിയ കഥായായ്‌ മറിഞ്ഞു കിടന്ന രാജാവു എപ്പൊഴോ എണീച്ചതും എവിടെ ഒക്കെ പോയി എന്നോ ഒന്നും അറിഞ്ഞില്ല.

രാവിലെ കുട്ടന്‍ നായര്‍ പറഞ്ഞു.ഇന്നലെ സ്വല്‍പം കൂടിയോ?ചിരിച്ചു.ദിഗന്തങ്ങള്‍ കേള്‍ക്കുമാറുച്ചതില്‍ ചിരിച്ചു.

പിന്നിട്‌.?ഓര്‍ക്കാന്‍ ശ്രമിച്ചു.പൗര്‍ണമി ചന്ദ്രന്‍ പൂനിലാവു നല്‍കിയ കൊട്ടാരം മനോഹരമായി കിടന്നു.രാത്രിയുടെ മധ്യ യാമത്തിലെപ്പെഴോ ....ശരിയാണു.സല്‍പ്രപഞ്ച കട്ടിലില്‍ നിന്നും രാജാവെഴുന്നേറ്റതും...പൗര്‍ണമി ചന്ദ്രികയുടെ വെളിച്ചത്തില്‍ തട്ടിന്‍ മുകളിലേക്കുള്ള കോവണി പ്പടികള്‍ കയറി.കിതപ്പടക്കാന്‍ അല്‍പം സോമരസം ആരോരുമറിയാതെ വെള്ളമില്ലാതെ വിഴുങ്ങിയതും. ഇരുട്ടിന്റെ നിശ്ശബ്ദതകളില്‍ ഉറങ്ങാതിരുന്ന ചീവീടുകള്‍ ഇണ ചേരുന്ന. ശീല്‍ക്കാരങ്ങളില്‍ എപ്പോഴോ ....ഗായത്രീ മന്ത്ര്ങ്ങളുടെ ഉരുക്കഴിക്കാന്‍ ശ്രമിച്ചതും ഓര്‍മയുണ്ടു്..പിന്നേതോ യാമത്തില്‍ ദേവയാനിയുമായി കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയതും തലനാരിഴ പോലെ ഓര്‍ക്കുന്നു. രാവിലെയുടെ ക്ഷീണത്തില്‍ ദേവയാനിയില്‍ ലയിച്ചുറങ്ങിയ നിമിഷത്തില്‍ എന്തോ രാത്രിയുടെ അന്ത്യ യാമത്തില്‍ നഷ്ടപ്പെട്ടതും രാജാവറിയുന്നു. ദേവയാനിയുടെ സുഗന്ധം ജന്‍‍മാന്‍‍തര സുഷുപ്ത്തിയില്‍ രാജാവൊഴുകിയൊഴുകി ഒരു കവിതയായി.

തട്ടിന്‍ മുകളില്‍ നിന്നു പൂര്‍ണ ചന്ദ്രികയെ തൊട്ടു നില്‍ക്കുമ്പോള്‍, അവിടെ നിന്നു ചാടി ജന്മമൊടുക്കിയ മുതുമുത്ത്ച്ചന്റെ കഥയും ഓര്‍ത്തു.

വൃച്ഛിക കാറ്റു വീശുന്നു.പ്രക്രുതി ഉറങ്ങുന്നു.കഴുവിടാന്‍ കുന്നു ശാപ മോക്ഷത്തിനായി കേഴുന്നതും ചക്രവാളത്തിനും അപ്പുറം കാണാമായിരുന്നു.

പിന്നെപ്പോഴാണു താന്‍ ഉറങ്ങി പ്പോയതു്.കര്‍മ്മ ഫലം.കര്‍മ്മഫലത്തിന്റ്ര് ഒടുവിലൊരു ജന്മമായി അലയുന്ന പാവം രജാവു സോമരസ ക്കുപ്പിയിലെ അവസാന തുള്ളികളും ഗ്ലാസ്സില്‍ നിറച്ചു് ആ ഒമര്‍ക്കയ്യാമിന്റെ വരികളില്‍ ലയിക്കവേ.കഴുവിടാന്‍ കുന്നൊരു ജന്മാന്ത്തര ദുരന്തമായി വീണ്ടും ഓര്‍മയുടെ പതിറ്റാണ്ടുകളുടെ വേരന്വേഷിക്കവേ. കുഴിച്ചു മൂടപ്പെട്ട പാവം പുലയന്റെ ആദ്യ പ്രേമവുംപ്രേതങ്ങളുടെ താവഴി തേടി ഇറങ്ങിയ കര്‍മ്മ ദുഖങ്ങളുടെ കഥയും രാജാവു മറന്നു.

സരസ്വതീ യാ മത്തിന്റെ മനോഹരമായ സംഗീത ദുന്ദുഭിയില്‍ ദേവയാനിയുടെ ചുവടു വെപ്പൂകളില്‍ ആല്‍മ സങ്കീര്‍ത്തനങ്ങളുടെ മനോഹരമായ അര്‍ഥ തലങ്ങങ്ങളില്‍ പാവം രാജാവു ഒരു മിഥ്യ ആകുന്നതു സ്വയം അറിഞ്ഞുകൊണ്ടു് ,വെറുതേ ഒന്നു മൂളി."ഒന്നുമില്ലൊന്നുമില്ലീ ദുരന്ത നാടകത്തില്‍ഒക്കെ നിഴലുകള്‍ ,കഥയൊന്നുമില്ല. നമ്മള്‍ കഥകളാകുന്നുവെറുതേ". ഞാനീ കാല്‍പനിക കൊട്ടാരത്തില്‍ അവസാന ശ്വാസത്തിന്‍ ആല്‍മബിന്ദുക്കല്‍ക്കീബലി അര്‍പിക്കട്ടേ. ...............ദേവയാനിയുടെ കഥ് തുടരാനായി ,
കണ്ണുനീരില് ചാലിച്ച മഷിയുമായുള്ളൊരാ തൂലികയുമായി, ആരും പറയാത്ത ഒരു കഥയിലേ ഒരു കൊച്ചു കഥയായ് ഉറന്ങിപ്പോയി.

Sunday, August 13, 2006

നിഴല്‍ രൂപം.

കുട്ടന്‍ നായര്‍ ചോദിച്ചു.അടിയന്‍.മുറുക്കി ച്ചുമപ്പിച്ച ചുണ്ടുകളുമായി രാജാവു ചിരിച്ചു.
പിന്നീട്‌ ഞാലിപ്പൂവന്‍ വാഴകളുടെ മൂട്ടില്‍ പതുങ്ങി നില്‍ക്കുന്ന രാത്രി സന്ധ്യയോടു പറയുന്ന രഹസ്യങ്ങള്‍ രാജാവിനറിയാമായിരുന്നു.

ഇന്നു ശനിയാഴ്ച്ചയാണ്‌ .വെറുതേ രാജാവു തന്റെ കണ്ണുകള്‍ ചുറ്റുവട്ടത്തു പായിച്ചു.ഇടനാഴിക്കും വെളിയില്‍ ,മുതു മുത്തശ്ശന്മാര്‍ രാത്രിയില്‍ കാണിച്ച വിക്രുതികള്‍ ഓര്‍ക്കുന്ന ഈട്ടി കൊണ്ടുണ്ടാക്കിയ ചാരു കിടക്ക വലിച്ചിട്ടിട്ടുണ്ട്‌.ചെറിയ ഒരു തടി ബെഞ്ചില്‍ തന്റെ അത്താഴവും.. സോമരസവും..
ഞാന്‍ ഒന്ന് പറമ്പില്‍ പോയി വരാം.നിനക്കുറക്കം വരാറായോ കുട്ടാ.?

വെറുതേ പറമ്പിലൂടെ നടന്നു.മതിലുകള്‍ക്കപ്പുറം ഏതോ കല്‍പാന്തകാലങ്ങളുടെ നാടി ഇടിപ്പുകള്‍ കേള്‍ക്കാമായിരുന്നു.ഓര്‍മകള്‍ മറവിയുടെകൂട പ്പിറപ്പാണെന്നൊക്കെയുള്ള സത്യം ഓര്‍ത്തുകൊണ്ടു രാജാവ്‌,വയസ്സന്‍ ആഞ്ഞിലി മരച്ചുവട്ടില്‍ കൗപീനമഴിച്ച്‌ ,ആല്‍മപ്രസന്നനായി തിരിച്ചു വന്നു.

കുട്ടന്‍ നായര്‍ പോയി.എട്ടു മണികഴിഞ്ഞാല്‍, കട്ടിലു കണ്ടാല്‍ പിന്നെ കുട്ടന്‍ ശവം ആണ്‌.

തനിക്ക്‌ വാറ്റുകാരന്‍ ഗോവിന്ദനാണ്‌ ഇത്‌ മാസാ മാസം എത്തിക്കുന്നത്‌.പഴയ രാജ ബന്ധത്തിന്റെ നന്ദി.സോമരസം ഗ്ലാസില്‍ പകര്‍ന്നു.ഒന്ന്‌.രണ്ട്‌.

ദേവയാനി നടന്നു വരുന്നു.മതി.ഇനി അത്താഴം കഴിക്കു. പിന്നീട്‌ മുറുക്കിച്ചുമപ്പിച്ച ചുണ്ടുകളുമായി നമുക്ക്‌ ആടുന്ന ഈ സപ്രപഞ്ചകട്ടിലില്‍ കിടക്കാം.ഉറങ്ങാതേ നക്ഷത്രങ്ങള്‍ പറയുന്ന രഹസ്യങ്ങള്‍ കേള്‍ക്കാം. അകലങ്ങളില്‍ കാണുന്ന നിഴലുകള്‍ കണ്ടു പേടിച്ചു കെട്ടിപ്പിടിച്ചുറങ്ങാം.
വെറുതേ ചിരിച്ചു.ഒക്കെ തോന്നലാണ്‌.മൂന്നാമതും പിന്നെ നാലാമതും....നിലാവുള്ള രാത്രിയാണ്‌. പറമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കമുകിന്‍ നിഴലുകള്‍ക്ക്‌ പണ്ടെങ്ങും തോന്നാത്ത മനോഹാരിത.
നീരാഴിയില്‍ നിന്നു കേട്ട ശബ്ദത്തിന്‌ സ്ത്രീ ഗന്ധം. കൊക്രൂണിയുടെ പരിസരത്തുനിന്നു കേട്ട ശബ്ദവും,ആകാശത്തുനിന്നു പൊഴിഞ്ഞു വീണ നക്ഷത്രങ്ങളുടെ മൗനങ്ങള്‍ക്കും പറയാന്‍ ഒന്നു മാത്രം.
ചാരുകിടക്കയില്‍ മലര്‍ന്നു കിടന്ന്‌ പൂര്‍ണ ചന്ദ്രനെ നോക്കി,കമുകിന്റെയും തെങ്ങുകളുടെയും നിഴലില്‍ മറ്റൊരു നിഴലായി പാവം രാജാവ്‌ ഒരു കഥകളും പറയാനാവാതെ,ഒരു വലിയ കഥയായി കിടന്നു.

Friday, August 11, 2006

രൂപാന്തരങ്ങള്‍

ഹരിനാമകീര്‍ത്തനം വായിച്ച കുട്ടന്‍ നായരെ ക്കുറിച്ചു പറയാതെ ഈ രാജാവിനൊന്നും പറയാനൊക്കില്ല.

ദേവയാനിയെ ഓര്‍ത്തു ഒരു കുടം കണ്ണീരൊഴിച്ചു കരഞ്ഞ സാലഭഞ്ജികകള്‍ക്കു വരെ പറയാന്‍ ഒത്തിരി കഥകള്‍.
വവ്വാലുകള്‍ പറക്കുന്ന തട്ടിന്‍പുറങ്ങളില്‍ വേട്ടാവളിയന്മാരുണ്ടാക്കിയ ചെറിയ സുഷിരങ്ങള്‍ക്കു പോലും പറഞ്ഞാല്‍ തീരാത്ത കഥകള്‍.
കൊക്രൂണിയുടെ അഗാഥ ഗര്‍ത്തങ്ങളില്‍ ഉറങ്ങുന്ന ഭൂതത്താന്‍ തവളയ്ക്കും പറയാന്‍ കഥകള്‍.

ആരവിടെ. അതു കുട്ടന്‍ നായരായി മാറിയ അവസ്ഥാന്തരത്തിനും ആയിരം കഥകള്‍.


ഒരുപകഥകളും ഇല്ലാതെ സത്യത്തിന്റെ മഹാല്‍ഭുതങ്ങളുടെ ,മുന്നില്‍ കാലം ഒരു പ്രഹേളികയുടെ പരിവേഷം അണിയുമ്പോള്‍..എവിടെയോ കുട്ടന്‍ നായരെന്ന മഹാ സത്യം രാജാവിന്റെ മുന്നില്‍ .. തലമുറകള്‍ക്കു മുന്‍പെങ്ങോ ഏതോ അടിച്ചുതളിക്കാരിക്കു ദാനമയി നല്‍കിയ രാജ രക്തത്തിന്റെ അവസാന കണ്ണിയായ്‌ കുട്ടന്‍ നായര്‍.കഞ്ഞി കുടി കഴിഞ്ഞ രാജാവു വെളിയില്‍ ഇട്ടിരുന്ന ചാരു കസേരയില്‍ ഇരുന്നു.
കുട്ടന്‍ നായരേ. മാത്ര്ഭൂമി പ്പത്രവുമായി വന്ന കുട്ടന്‍ നായരൊടു രാജാവു പറഞ്ഞു. ആ ചെല്ലമിങ്ങു കൊണ്ടു വരൂൂ.പഴയ ചീനഭരണിയില്‍ നിന്നും കൈ ഇട്ടെടുത്ത പാക്കുകള്‍ വെട്ടി വെറ്റിലയുമായി രജാവിനെ എല്‍പിച്ചു കുട്ടന്‍ നായര്‍ നടന്നു പോയി.
മുറുക്കി .രസിച്ചു തുപ്പിയതിനുശേഷം രാജാവു എഴുന്നേറ്റു.
മണ്ടയുണങ്ങി നിന്ന വാഴകളുടെ തല കൊയ്തെടുത്തു.
വെറുതേ ഇടനാഴിയിലൂടെ നടന്നു.
സംഗീത പ്പുരയില്‍ ...എപ്പൊഴോ
മറിഞ്ഞു വീണു
കിടന്ന ഏതോ വീണയില്‍ നിന്നും ദേവയാനിയുടെ ശബ്ദം കേട്ടു
ദേവയാനി,കുട്ടന്‍ നായര്‍....
എവിടെ ഞാന്‍ ആരംഭിക്കും.തുടര്‍ച്ചയും അവസാനവും ഒന്നാണെന്നും,ജനനവും മരണവും ഒന്നു തന്നെ എന്നും അറിയാവുന്ന രജാവു ആരും കേള്‍ക്കാതെ ചോദിച്ചു പോയി. ആരവിടേ.

Thursday, August 10, 2006

ദേവയാനി

പള്ളിയുണര്‍ന്നതു കുട്ടന്നായരുടെ "നരനായിങ്ങനെ....ഹരിനാമകീര്‍ത്തനം കേട്ടുകൊണ്ടാണു്'
രാജാവുണര്‍ന്നു വെറുതേ വെളിയിലേക്കു പോയി.ഇരുട്ടു ഉറഞ്ഞു തുള്ളുന്നു.അപ്പുറത്തെ പാര്‍വത്യകാര്‍ കടവിറങ്ങാന്‍ ചിറക്കരയിലേക്കു പോകുന്നു.ആരവിടെ എന്നു ചോദിച്ചില്ല.കുട്ടന്‍ നായര്‍ നില്‍ക്കുന്ന ഭാഗത്തു പോയി."ചായ എടുത്തില്ലാ "അടിയന്‍.മില്‍മാക്കാരനെത്താന്‍ ഏഴു മണി കഴിയും. വെറുതേ രാജാവു ചിരിച്ചുപോയി.ഒരു കാലം,ഈ കൊട്ടാരത്തിലെ ഗോശാലകളില്‍ വെളുപ്പിനേ പാലു ചുരത്തി നില്‍ക്കുന്ന ഗോമാതാക്കളേ വെറുതേ സങ്കല്‍പിക്കാന്‍ ശ്രമിച്ചു.. കുട്ടന്‍ നായരുണ്ടാക്കിയ കട്ടന്‍ കാപ്പിയും കുടിച്ചു രാജാവു് പള്ളി നീരാട്ടിനിറങ്ങി.
ഇരുട്ടിനു` വഴി മാറി രാജാവു് നീരാഴിയിലേക്കു നടന്നു.കൊക്രൂണിയില്‍ നിന്നും ഒരു തവള എടുത്തു ചാടി നീരാഴിയിലേക്കു കുതിച്ചു.കല്‍പടവുകളില്‍ ഇരുന്നു് ഉമിക്കരി കൊണ്ടു പല്ലു തേച്ച രാജാവു് വെള്ളത്തിലേക്കു് നീട്ടി തുപ്പി.വലിയ കാരണവന്മാര്‍ കൗപീനം നനച്ചിടുന്ന അയയില്‍ തന്റെ കൗപീനം 501 സോപ്പില്‍ കഴുകി വിരിച്ചിട്ടു. ദീര്‍ഘമായി നെടുവീര്‍പ്പിട്ടു് രാജാവു` വെള്ളത്തിലേക്കിറങ്ങി. കുള ഭിത്തിയരുകില്‍ ഒളിച്ചിരുന്ന ഒരു നീര്‍ക്കോലി കുതിച്ചു വെള്ളത്തിലൂടെ ഓളിയിട്ടു പോയി'വെറുതേ രാജാവു പറഞ്ഞു പോയി. അല്ലാ നീര്‍ക്കോലി ഗ്രഹണത്തിനല്ലേ നീ തല പൊക്കുന്നതു്.
കുളിച്ചു നിന്നപ്പോള്‍ രാജാവു് വെറുതേ കൊട്ടാരം സ്ത്രീകള്‍ പണ്ടു കുളിച്ചിരുന്ന കല്ലുകള്‍ കൊണ്ടു കെട്ടി മറച്ച കടവിലേയ്ക്കു നോക്കി പോയി.രാജ്ഞിയുടെ ഓര്‍മ്മ ഒരു കൊല്ലിയാന്‍ പോലെ രാജാവിന്റെ മനസ്സില്‍. ദേവയാനി.
രാജാവു ചിരിച്ചു.ഉണങ്ങിയ കൗപീനം ധരിച്ചു` നടന്നു നീങ്ങുന്ന രാജാവിനെ കണ്ട സാലഭഞ്ജികകള്‍ ദേവയാനിയേ ഓര്‍ത്തൊരുകുടം കണ്ണുനീര്‍ പൊഴിച്ചു.കുട്ടന്‍ നായര്‍ കഞ്ഞിയും പുഴുക്കും പ്രഭാതഭക്ഷണമായ്‌ ഒരുക്കി പാവം രാജാവിനെ കാത്തിരിക്കുകയായിരുന്നു.

Wednesday, August 09, 2006

പള്ളി ഉറക്കം

രാജാവു് പള്ളി ഉറ‍ങാന്‍ കിടന്നു.


കൊട്ടരത്തിലെ നിശ്ശബ്ദത രാജാവിനു് ,ഓര്‍മ്മകളുടെ രഥ യാത്ര ഒരുക്കി.


വെറുതേ ചോദിച്ചു പോയി ആരവിടെ.
ആരും അവിടെയൊന്നുമില്ലെന്നറിയാമെങ്കിലും പഠിച്ചതു് മറക്കനൊക്കില്ലല്ലോ.തലയാണയുടെ അടുത്തിരുന്ന വാളിനെ കുറച്ചു കൂടി ചേറ്ത്തു വയ്ച്ചു.
സാലഭഞികകള്‍ ചിലങ്ക അണിയുന്നതും കൊട്ടരത്തില്‍ ദേവതുന്ദിഭി നാദമുണരുന്നതും രാജാവറിന്ഞു.

ഒരു പള്ളിയുണര്‍ത്തലിന്‍റെ മണി നാദത്തിനായി രാജവുറന്ങാന്‍
ശ്രമിച്ചു.

ആദ്യ വിളംബരം


ആരവിടെ
വീണ്ടും ചോദിച്ചു ആരവിടെ,

അടിയന്‍ എന്നുള്ള ശബ്ദത്തിനായി രാജാവു് കാതോര്‍ത്തു.
ഇല്ല. ആരുമില്ല.
പിന്നെ രാജാവു് തന്‍റെ വിളംബരം ഒന്നു കൂടി ഓടിച്ചു നോക്കി.
ആദ്യമായി കുറേ ദിവസ‍ന്ങള്‍ കൂടി ആല്‍മാര്‍ഥമായി ചിരിച്ചു.
ഒരു തീരുമാനമെടുക്കാന്‍ ഒക്കാതെ രാജാവു മൂന്നു നാലു ചാലുകള്‍ അന്ങോട്ടും ഇന്ങൊട്ടും നടന്നു.

കൊട്ടാരത്തിനുള്ളിലെ ഇടനാഴികളില്‍ ഒളിച്ചുനിന്ന ഇരുട്ട് രാജാവിനെ കൊ‍ഞ്ജനം കുത്തി.
സാല ഭ‍ഞ്ജികകള്‍ ചിലങ്കകള് ഊരി വച്ചു.

സേവകരില്ലാതെ രാജവൈദ്യന്മാരില്ലാതെ,
പള്ളി ഉറക്കം നഷ്ടപ്പെട്ട രാജാവു് തന്‍റെ ആദ്യത്തെ വിളംബരം കീറി കാറ്റില്‍ പറത്തി.

പൊട്ടിച്ചിരിച്ചു കൊണ്ടു വീണ്ടും ചോദിച്ചു.

ആരവിടെ.