Saturday, December 09, 2006

യസ്യാമതം തസ്യമതം

"യസ്യാമതം തസ്യമതംമതം നസ്യ ന: വേദസ അവിജ്ഞാത
--------------------------------------

വിജാനതാംവിജ്ഞാതമവിജാനതാം"
-------------------------

പരമു മേശിരിയുടെ പിതാമഹര്‍ കൊട്ടാരം മേശിരിമാരായിരുന്നു. അമ്പലത്തിനുള്ളിലെ ബലിക്കല്‍‍പ്പുരയ്ക്കു മുകളിലും, തന്ത്രി കെട്ടിട്ത്തിലെ മച്ചു പാവിലും, അഷ്ടപതി വായന നടത്തുന്ന സോമശാലയിലും, തട്ടില്‍ കുറിച്ചിരിക്കുന്ന ചിത്രങ്ങള്‍ അവരുടെ കരവിരുതുകളായിരുന്നു.
അറിയപ്പെടാതെ പോയ ആ കണ്ണിയിലെ അവസാനത്തെ പരമുവിനെ ഓര്‍ത്തു് പാവം രാജാവുറങ്ങാന്‍ കിടന്നു.

തന്ത്ര മന്ത്ര കഥകളില്‍ ഒരപ്പുര വാതിലില്‍ ഒളിച്ചു നോക്കുന്ന മാരാത്തിയെ പോലെ തട്ടുമ്മോളില്‍ നിന്നു വീഴുന്ന നിഴലുകള്‍ക്കു് കളമെഴുത്തു പാട്ടിനു ശേഷം ചിത്രത്തില്‍ കാണുന്ന വര്‍ണ സമ്മേളനങ്ങള്‍‍.
മിഥ്യകളുടെ മൊത്തം തുകയായ ജീവിതത്തെ കുറിച്ചാലോചിച്ചു കൊണ്ടു് രാജാവു വീണ്ടും ഉറങ്ങാന്‍ കിടന്നു.

കിളി വാതിലിനുമപ്പുറം ചീവീടുകളുടെ സ്വര രാഗ സുധയില്‍ കാലം പുറകോട്ടു പോകുന്നതറിയാതെ രാജാവുറങ്ങി.

............................
മുത്തശ്ശിയോടൊപ്പം അല്പ ദൂരെയുള്ള ഗ്രാമത്തിലെ ഉത്സവത്തിനു് പോകുമ്പോള്‍ രാജാവൊരു കൊച്ചു പയ്യനില്‍ നിന്നും വളര്‍‍ന്നിരുന്നു. അടുത്ത നഗരത്തിലെ വലിയ കോളേജില്‍ പോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. മൂക്കിനു താഴെയുള്ള ചെറിയ വരകള്‍ തടവി കൊച്ചു രാജാവു് ‍ മുത്തശ്ശിയോടൊപ്പം പോയതും,....പിന്നെ
താവഴിയിലെ ബന്ധു വീട്ടിലെ കഥകളി കളരിയില്‍, കുത്തു വെളക്കിനു മുന്‍പില്‍ കണ്ട കണ്ണുകളെ ക്കുറിച്ചു മുത്തശ്ശിയോടു ചോദിച്ചതും ഇന്നത്തെ പോലെ.
വരും വഴി പറഞ്ഞു മുത്തശ്ശി. അവള്‍ ദേവയാനി. ശൂദ്രനു് നമ്പൂതിരിയില്‍ ഉണ്ടായ സന്തതി. എന്താ.? മുത്തശ്ശിയുടെ ചോദ്യത്തിനു് മറുപടി പറഞ്ഞില്ല.
പിറ്റേ ദിവസം കണ്ടു. വെളുത്ത സുന്ദരിയോടു ചിരിച്ചു സംസാരിച്ചു രാജാവു്, മനസ്സിലൊരു അടയാളവുമായി കാത്തിരുന്നു.
വര്‍ഷങ്ങള്‍...........
ഒരിക്കല്‍ തിരിച്ചു വന്നപ്പോള്‍ ‍ കുട്ടനോടൊപ്പം അവിടെ ഒരു നിമിത്തം പോലെ പോയി. കുളിച്ചീറനായി നടന്നു വരുന്ന ദേവയാനിയേ രാജാവ് ദൂരെ വച്ചേ കണ്ടു.
മുത്തശ്ശി മാത്രം അനുഗ്രഹിച്ച ആ വിവാഹം നടക്കുന്നതറിഞ്ഞു് പാവം രാജാവുറങ്ങി പോയി.-----------------------------------------------------------

സരസ്വതീ യാമത്തില്‍ ഉണര്‍ന്ന രാജാവു്, കുട്ടനറിയാതെ വെളിയില്‍ ഇറങ്ങി.
നാട്ടു വെളിച്ചത്തില്‍ അയണി മരത്തിനു പുറകില്‍ ആത്മാവിഷ്ക്കാരം നടത്തി, വെള്ളി തമ്പാളത്തില്‍ നിന്നു് നീട്ടി ഒന്നു മുറുക്കി. വെറുതേ ഒരു നക്ഷത്രം പൊഴിഞ്ഞു വീഴുന്നതു കണ്ടതിലേ നടന്നു.
എരുത്തിലില്‍ ഉറങ്ങിയ കല്യാണി ശബ്ദം കേട്ടു് ചാടി എണീറ്റതു കണ്ടു.
മനോഹരിയായ രാത്രി പാവം ചീവീടുകളെ ഉറക്കി കിടത്തിയിരിക്കുന്നു. അകലെ വാസുഅപ്പന്‍ നമ്പൂതിരിയുടെ ഉയരം കൂടിയ വട്ടയില്‍ നിന്നും ഒരു ഒന്നാം കോഴിയുടെ കൂവല്‍ കേട്ടു. ചിരി വന്നു. എന്നും ഒരു പോലെ. ഈ ചക്രമിങ്ങനെ തിരിക്കാനല്ലാതെ ഇങ്ങേര്‍ക്കെന്തറിയാം. വെറുതേ ആകാശത്തേ കോടാനു കോടി നക്ഷത്രങ്ങളെ നോക്കി രാജാവു് പുച്ഛമായി ചിരിച്ചു.
കൊക്രൂണിക്കും അകലെയുള്ള നിഴലിലൂടെ യക്ഷി ഗന്ധര്‍‍‍വന്മാര്‍ തിരിച്ചു പോകുന്ന കാലൊച്ച കേട്ടു കൊണ്ടു് രാജാവു് തന്‍റെ ഒറ്റ തോര്‍ത്തുടുത്തു് കുളപ്പെരയിലേയ്ക്കു നടന്നു.


‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍-----------------------------------------------------------------

കുളി കഴിഞെത്തിയപ്പോഴെ കുട്ടന്‍ ഉണര്‍ന്നിരുന്നു.
കട്ടന്‍ കാപ്പി കുടിച്ചൊരേമ്പക്കം വിട്ടു്, ശ്രീമത്‍ഭാഗവതുമായി, ചാരു കസേരയില്‍ ഇരിക്കുമ്പോഴേയ്ക്കും നെരം വെളുത്തു തുടങ്ങിയിരുന്നു. തലേ ദിവസം പറഞ്ഞ പരമു മേശിരിയെയും കാത്തു് പാവം രാജാവു് മഹാഭാഗവതം തുറന്നു.

-----------------------------------------------------------------------

Friday, September 01, 2006

പുനര്‍ജ്ജനികള്‍‍‍

ഈട്ടി തടിയുലുണ്ടാക്കിയ ചാരു കസേര മൊത്തം ഒരു കുഴപ്പക്കാരനേപ്പോലെ.
ഒരു സുഖോം ഇല്യാണ്ടായിട്ടു് കാലം കുറേ ആയി..കാലു വയ്ക്കുന്ന കസേരയുടെ കൈ ഒന്നു ഒടിഞ്ഞു പോയതു് ശരിയാക്കാന്‍ തര പ്പെട്ടിട്ടില്ല.

കുട്ടനോടൊരു ആശാരിയെ വിളിക്കണമെന്നു പറഞ്ഞു കാലം കുറെ ആയി.ആശാരിമാരൊന്നുമില്ലാ ഒന്നുമില്ലാ എന്നു വന്നു പറയും ശുംഭന്‍.ഇന്നതു കൂടി ഒന്നറിയണം.ചുമ്മാ കൊട്ടാരത്തില്‍ ഒതുങ്ങിയാല്‍ ഒന്നും ശരിയാവില്ല.ഉണങ്ങാനിട്ടിരുന്ന ഒരു പുള്ളി കൗപീനം എടുത്തണിഞ്ഞു.
പുളിയിലക്കരയന്‍ വേഷ്ടിയും.ഒരു തോര്ത്തും പുതയ്ക്കാം..
ഉണങ്ങിയ ഒരു തോര്‍ത്തനെ പിടിച്ചു നൂക്കാന്‍ നോക്കി. ഇല്ല അവന്‍ ഒരു വടിയായിരിക്കുന്നു. ശവം
പിന്നെ തിരുവാഭരണപ്പെട്ടി തുറന്നു. ഒരു കുശിനി നെര്യതങ്ങൊട്ടെടുത്തു.

കൊട്ടാരം പൂട്ടി കുട്ടനുമായി നടന്നു.ഉച്ച വെയിലിനു അസലായി ചൂടുണ്ടു് .
ആരേയും പഴിച്ചില്ല...നടന്നു.നേരെ അമ്പല മുറ്റത്തേക്കു്.
അടിയന്‍ ആ പരമു ആശാരിയുയുടെ കുടിലില്‍ പോയി നോക്കാം കുട്ടന്‍ നായര്‍..
രാജാവു മനസ്സില്‍ പറഞ്ഞു .പാവം കുട്ടന്‍.കുടിലൊക്കെ എന്നേ മാറിയ കഥയൊന്നും അറിഞ്ഞിട്ടില്ല .
പരമുവിന്റെ രണ്ടു മക്കളും ഗള്‍ഫിലാണു്.മണി മാളികയാണു് പണിഞ്ഞു വച്ചിരിക്കുന്നതു് .

കുട്ടന്‍ നടന്നു നീങ്ങി.ഒരു കാലഹരണപ്പെട്ട പുരാവസ്തുപോലെ..രാജാവു നടന്നു. എതിരേ വന്ന സ്കൂള്‍ പിള്ളേര്‍ പറഞ്ഞു ചിരിക്കുന്നതു കേട്ടു."പാവം രാജാവു്. "

രാമോട്ടു മഠത്തിലേ വാതുക്കല്‍ നിന്ന ഉണ്ണൂലി ചോദിച്ചു.എങ്ങൊട്ടാ ? ഇവിടം വരെ.
വെറുതേ കണ്ണു പായിച്ചു.ദേവകി അന്തര്‍ജ്ജനം വെളിയില്‍ കിണറിനു സമീപമുള്ള കിളിമരത്തിന്‍ നിഴലില്‍ നില്‍ക്കുന്നതു കാണാമായിരുന്നു.
സുന്ദരി ആയിരുന്നു ദേവകി. കാലം കോറിയ വരകളില്‍ ദേവകി നരച്ചു വല്യമ്മയായതു് ദുഖത്തോടെ രാജാവു കണ്ടു.

ഒന്നുമോര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു നടന്നു.

കല്‍പടവുകള്‍ കയറുമ്പോല്‍ ക്ഷീണം തോന്നുന്നോ.

താനും നരച്ചുപോയതും കാലത്തിന്റെ ചിത്ര രചനയില്‍ ഒരു വയസ്സന്‍ ചിത്രമായതും ഒന്നും തന്നെ ഓര്‍ക്കാതെ നടന്നു.
ഉതി മരത്തണലില്‍ ഇത്തിരി കാറ്റു കൊള്ളുക.മുതുക്കന്‍,മുതു മുതുക്കന്‍ ഉതി തന്നോടു ചോദിച്ചു.
അല്ലാ കെളവന്‍ രാജാവിന്നെന്താ ഇങ്ങോട്ടൊക്ക്‌. ചിരിച്ചു.

പിന്നീടു് ആ മുതുക്കനെ ഓര്‍ത്തിരുന്നു കുറെ നേരം.

പണ്ടുപുരാതനമായ ഉതി.

ഇല നിബിഡമായിരുന്ന ആ വൃക്ഷ ച്ചുവട്ടില്‍ വിശ്രമിച്ചു മരിച്ചു പോയ തലമുറകള്‍ ഒത്തിരി ഒത്തിരി.രാജാവിന്റെ പിതാമഹന്റെ പിതാമഹനും
കണ്ട ഉതിയുടെ മുന്നിലെ സിമന്റു തിട്ടയില്‍ ഇരുന്നപ്പോള്‍ വൃശ്ഛിക കാറ്റു പടിഞ്ഞാറോട്ടു വീശുന്നുണ്ടായിരുന്നു.തിളച്ചു കിടക്കുന്ന തളക്കല്ലുകള്‍. ശാപ മോക്ഷം കൊതിക്കുന്ന ബലിക്കല്‍പുര .
ആളൊഴിഞ്ഞ കളത്തട്ടിലില്‍ ചതുരങ്ങക്കളങ്ങള്‍ കഴിഞ്ഞ കാലങ്ങള്‍ ഓര്‍ത്തു് നെടുവേര്‍പ്പിടുന്നു.

ആനകൊട്ടിലില്‍ ഉറങ്ങുന്ന പഞ്ചവാദ്യമേളങ്ങള്‍..ഉതി മരച്ചോട്ടിലെ സിമന്റു തറയില്‍ വെറുതേ കിടക്കുമ്പോല്‍ കാലം ഒരു കഥകളിയുടെ കേളി കൊട്ടു നടത്തുകയായിരുന്നു.

വൃശ്ഛിക കാറ്റിന്റെ തലോടലില്‍ കുട്ടന്‍ നായരുടെ കഥ പുനര്‍ജനിക്കുകയായിരുന്നു.


ദൂരെയുള്ള കോളെജില്‍ നിന്നു് പഠിപ്പിനിടയിലേ ഏതോ ഇടവേളയില്‍ വരുമ്പോള്‍ തന്നോളം പ്രായം തോന്നിപ്പിക്കുന്ന ഒരു ചെക്കനെ കണ്ടിരുന്നു കൊട്ടാരത്തില്‍.
പുറത്തു ജോലികള്‍ ചെയ്യുന്ന ആ ചെറുക്കനേ കുട്ടാ കുട്ടാ എന്നു് മുത്തശ്ശി വിളിക്കുന്നത്‌ കേള്‍ക്കാമായിരുന്നു.

മാസാ മാസം വന്നു് സര്‍പ്പകോപമുണ്ടാകാതിരിക്കാന്‍ പാട്ടുമായെത്തുന്ന പുള്ളുവ പ്പണിക്കനില്‍ നിന്നാണു` ആ കഥ അറിയുന്നതു്.

വര്‍ഷങ്ങള്‍ക്കു മുമ്പേതോ ഒരു മുതു മുത്തശ്ശനുണ്ടായ ഒരു ഉള്‍വിളിയുടെ പാപവും നോവും പേറി ഒരു അടിച്ചുതളിക്കാരി കഴുവിടാന്‍ കുന്നു ദു:സ്വപ്നം കണ്ട്‌ ഉറങ്ങാതെ കിടന്നു.
മാലോകരുടെ മുന്നില്‍ വച്ചു് തിളയ്ക്കുന്ന എണ്ണയില്‍ കൈ മുക്കാനോ ഭ്രഷ്ടു കല്‍പിച്ചു് കുടി അടച്ചു് പിണ്ണം വെക്കുന്നതിനോ നില്‍ക്കാതെ എങ
്ങോ ഓടിയൊളിച്ച കുഞ്ഞേലി അമ്മയുടെ കഥകള്‍ മുതു മുത്തശ്ശിയില്‍ നിന്നും കേട്ടിരുന്നു.ആരില്‍ നിന്നോ തലമുറകളുടെ കണ്ണികളിലെ ഒരു
കണ്ണിയായ കുട്ടന്‍ നായരായി ജന്മാന്തരങ്ങളുടെ വിഴുപ്പു ഭാണ്ടവുമായി കൊട്ടാരത്തില്‍ എത്തപ്പെട്ടതും വിധി.
പിന്നൊരിക്കല്‍ കോളജു് അവധിക്കു വന്ന്പ്പോള്‍ കുട്ടന്‍ നായരില്ലായിരുന്നു.ആരോ പറഞ്ഞു.കുട്ടന്‍റെ തിരോധാനം കൂടെ ക്കൂടെ ഉണ്ടാവാറുണ്ടെന്നും കുറച്ചു നാള്‍ ഊരു ചുറ്റി തിരിച്ചു വന്നോളുമെന്നും. ശരി ആയിരുന്നു പൊക്കണ സഞ്ചിയുമായിറങുന്ന കുട്ടന്‍ നായര്‍ ഊരുചുറ്റി വീണ്ടും വീണ്ടും കൊട്ടാരത്തില്‍ തിരിച്ചെത്തിയിരുന്നു.
എന്നാല്‍ ‍ഒരു ദിവസം മുത്ത്ശ്ശിയോടു പോലും പറയ്യാതെ എങ്ങോട്ടോ പോയി കുട്ടന്‍ നായര്‍. എവിടെയെക്കെയോ ചുറ്റിത്തിരിഞ്ഞ അയാളെ
വര്‍ഷങ്ങളോളം ആരും പിന്നെ കണ്ടില്ല. കുട്ടന്‍ നായര്‍ മറവിയുടെ മഹാഗര്‍ത്തങ്ങളില്‍ മൂടപ്പെട്ടു.പഠിത്തം കഴിഞ്ഞതും തന്റെ വേളി കഴിഞ്ഞതും ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു.

മുത്തശ്ശി മരിക്കാറായി ക്ലിടക്കുന്ന ദിവസങ്ങള്‍.

പെരുമ്പറ കൊട്ടിയ പാണനാര്‍ പറഞ്ഞു. കളത്തട്ടിലില്‍ ‍ ഒരു വഴിപോക്കന്‍ വന്നിരിക്കുന്നു.
ചോദ്യങ്ങള്‍ക്കു് മറുപടിയില്ലാത്ത തിളങ്ങുന്ന
കണ്ണുകളുള്ള ഒരാള്‍.

ആരൊക്കെയോ വരുത്തനെ കണ്ടു.കണ്ടവര്‍ കണ്ടവര്‍ പല പല കഥകളും പറഞ്ഞു.

കളത്തട്ടിലില്‍ രാത്രി ഉറങ്ങി രാവിലെ നിര്‍മാല്യം കണ്ടു തൊഴുതു, കൊട്ടാരം വാതുക്കല്‍ വന്നു നിന്ന പഥികനെ കാവല്‍ക്കാര്‍ ചോദ്യം ചെയ്തില്ല.

മരിക്കാറായി കിടന്ന മുത്ത്ശ്ശിയുടെ മുന്‍പില്‍ നിന്ന പഥികനെ വീണ്ടും കുട്ടന്‍ നായരായി വാഴിക്കുമ്പോള്‍ നിമിത്തമായി നിന്ന താന്‍ ജന്മജന്മാതരങ്ങളുടെ ഒരു പാവം രാജാവായി മാറുകയായിരുന്നു.ബലിക്കല്‍പുരയില്‍ നിന്നും ഉച്ചയൂണിന്റെ അവശിഷ്ടം തിന്നൊരു കള്ള ക്കാക്ക ഉതിയുടെ ഒരു ശിഖരത്തില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതു കണ്ടുകൊണ്ടാണു രാജാവുണര്‍ന്നു പോയതു്.അല്ലാ,ഇന്നു് പതിവില്ലാതെ.മേല്‍ ശാന്തിയാണു്.അമ്പലം തുറക്കാന്‍ പോകുകയാണു`.
തിരുമേനിയുടെ തോളില്‍ ഇരിക്കുന്ന താക്കോല്‍ കൂട്ടം ചിരിക്കുന്നു.അഹങ്കാരത്തോടെ.ഭഗവാനെ ബന്ധിച്ചിരിക്കുന്നതിന്റെ അഹന്ത.
മെല്‍‍ശാന്തിയോടു കുശ്ശലം പറഞ്ഞു് രാജാവെഴുന്നേറ്റു.
കുട്ടന്‍ നായര്‍ നടന്നു വരുന്നതു കാണാമായിരുന്നു.കൂടെ ആടി ആടി വരുന്ന പരമു മേശിരിയും.


‍‍‍‍

Friday, August 18, 2006

അശരീരികള്‍.

സമയ നിബന്ധനങ്ങള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ ഉണര്‍ന്നു വന്നതു ഒത്തിരി വൈകി.കുട്ടന്‍ നായര്‍ ചൊല്ലിയ "നരനായിങ്ങനേ ...നരകവാരിധി നടുവില്‍... ഒന്നും അറിഞ്ഞില്ല.

എപ്പൊഴോ ദേവയാനി വന്നതോര്‍ക്കുന്നു. പിന്നീടൊന്നും അറിഞ്ഞില്ല. എപ്പോഴോ തിരുവാതിരക്കാറ്റു വീശിയതും ഒരു വലിയ കഥായായ്‌ മറിഞ്ഞു കിടന്ന രാജാവു എപ്പൊഴോ എണീച്ചതും എവിടെ ഒക്കെ പോയി എന്നോ ഒന്നും അറിഞ്ഞില്ല.

രാവിലെ കുട്ടന്‍ നായര്‍ പറഞ്ഞു.ഇന്നലെ സ്വല്‍പം കൂടിയോ?ചിരിച്ചു.ദിഗന്തങ്ങള്‍ കേള്‍ക്കുമാറുച്ചതില്‍ ചിരിച്ചു.

പിന്നിട്‌.?ഓര്‍ക്കാന്‍ ശ്രമിച്ചു.പൗര്‍ണമി ചന്ദ്രന്‍ പൂനിലാവു നല്‍കിയ കൊട്ടാരം മനോഹരമായി കിടന്നു.രാത്രിയുടെ മധ്യ യാമത്തിലെപ്പെഴോ ....ശരിയാണു.സല്‍പ്രപഞ്ച കട്ടിലില്‍ നിന്നും രാജാവെഴുന്നേറ്റതും...പൗര്‍ണമി ചന്ദ്രികയുടെ വെളിച്ചത്തില്‍ തട്ടിന്‍ മുകളിലേക്കുള്ള കോവണി പ്പടികള്‍ കയറി.കിതപ്പടക്കാന്‍ അല്‍പം സോമരസം ആരോരുമറിയാതെ വെള്ളമില്ലാതെ വിഴുങ്ങിയതും. ഇരുട്ടിന്റെ നിശ്ശബ്ദതകളില്‍ ഉറങ്ങാതിരുന്ന ചീവീടുകള്‍ ഇണ ചേരുന്ന. ശീല്‍ക്കാരങ്ങളില്‍ എപ്പോഴോ ....ഗായത്രീ മന്ത്ര്ങ്ങളുടെ ഉരുക്കഴിക്കാന്‍ ശ്രമിച്ചതും ഓര്‍മയുണ്ടു്..പിന്നേതോ യാമത്തില്‍ ദേവയാനിയുമായി കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയതും തലനാരിഴ പോലെ ഓര്‍ക്കുന്നു. രാവിലെയുടെ ക്ഷീണത്തില്‍ ദേവയാനിയില്‍ ലയിച്ചുറങ്ങിയ നിമിഷത്തില്‍ എന്തോ രാത്രിയുടെ അന്ത്യ യാമത്തില്‍ നഷ്ടപ്പെട്ടതും രാജാവറിയുന്നു. ദേവയാനിയുടെ സുഗന്ധം ജന്‍‍മാന്‍‍തര സുഷുപ്ത്തിയില്‍ രാജാവൊഴുകിയൊഴുകി ഒരു കവിതയായി.

തട്ടിന്‍ മുകളില്‍ നിന്നു പൂര്‍ണ ചന്ദ്രികയെ തൊട്ടു നില്‍ക്കുമ്പോള്‍, അവിടെ നിന്നു ചാടി ജന്മമൊടുക്കിയ മുതുമുത്ത്ച്ചന്റെ കഥയും ഓര്‍ത്തു.

വൃച്ഛിക കാറ്റു വീശുന്നു.പ്രക്രുതി ഉറങ്ങുന്നു.കഴുവിടാന്‍ കുന്നു ശാപ മോക്ഷത്തിനായി കേഴുന്നതും ചക്രവാളത്തിനും അപ്പുറം കാണാമായിരുന്നു.

പിന്നെപ്പോഴാണു താന്‍ ഉറങ്ങി പ്പോയതു്.കര്‍മ്മ ഫലം.കര്‍മ്മഫലത്തിന്റ്ര് ഒടുവിലൊരു ജന്മമായി അലയുന്ന പാവം രജാവു സോമരസ ക്കുപ്പിയിലെ അവസാന തുള്ളികളും ഗ്ലാസ്സില്‍ നിറച്ചു് ആ ഒമര്‍ക്കയ്യാമിന്റെ വരികളില്‍ ലയിക്കവേ.കഴുവിടാന്‍ കുന്നൊരു ജന്മാന്ത്തര ദുരന്തമായി വീണ്ടും ഓര്‍മയുടെ പതിറ്റാണ്ടുകളുടെ വേരന്വേഷിക്കവേ. കുഴിച്ചു മൂടപ്പെട്ട പാവം പുലയന്റെ ആദ്യ പ്രേമവുംപ്രേതങ്ങളുടെ താവഴി തേടി ഇറങ്ങിയ കര്‍മ്മ ദുഖങ്ങളുടെ കഥയും രാജാവു മറന്നു.

സരസ്വതീ യാ മത്തിന്റെ മനോഹരമായ സംഗീത ദുന്ദുഭിയില്‍ ദേവയാനിയുടെ ചുവടു വെപ്പൂകളില്‍ ആല്‍മ സങ്കീര്‍ത്തനങ്ങളുടെ മനോഹരമായ അര്‍ഥ തലങ്ങങ്ങളില്‍ പാവം രാജാവു ഒരു മിഥ്യ ആകുന്നതു സ്വയം അറിഞ്ഞുകൊണ്ടു് ,വെറുതേ ഒന്നു മൂളി."ഒന്നുമില്ലൊന്നുമില്ലീ ദുരന്ത നാടകത്തില്‍ഒക്കെ നിഴലുകള്‍ ,കഥയൊന്നുമില്ല. നമ്മള്‍ കഥകളാകുന്നുവെറുതേ". ഞാനീ കാല്‍പനിക കൊട്ടാരത്തില്‍ അവസാന ശ്വാസത്തിന്‍ ആല്‍മബിന്ദുക്കല്‍ക്കീബലി അര്‍പിക്കട്ടേ. ...............ദേവയാനിയുടെ കഥ് തുടരാനായി ,
കണ്ണുനീരില് ചാലിച്ച മഷിയുമായുള്ളൊരാ തൂലികയുമായി, ആരും പറയാത്ത ഒരു കഥയിലേ ഒരു കൊച്ചു കഥയായ് ഉറന്ങിപ്പോയി.

Sunday, August 13, 2006

നിഴല്‍ രൂപം.

കുട്ടന്‍ നായര്‍ ചോദിച്ചു.അടിയന്‍.മുറുക്കി ച്ചുമപ്പിച്ച ചുണ്ടുകളുമായി രാജാവു ചിരിച്ചു.
പിന്നീട്‌ ഞാലിപ്പൂവന്‍ വാഴകളുടെ മൂട്ടില്‍ പതുങ്ങി നില്‍ക്കുന്ന രാത്രി സന്ധ്യയോടു പറയുന്ന രഹസ്യങ്ങള്‍ രാജാവിനറിയാമായിരുന്നു.

ഇന്നു ശനിയാഴ്ച്ചയാണ്‌ .വെറുതേ രാജാവു തന്റെ കണ്ണുകള്‍ ചുറ്റുവട്ടത്തു പായിച്ചു.ഇടനാഴിക്കും വെളിയില്‍ ,മുതു മുത്തശ്ശന്മാര്‍ രാത്രിയില്‍ കാണിച്ച വിക്രുതികള്‍ ഓര്‍ക്കുന്ന ഈട്ടി കൊണ്ടുണ്ടാക്കിയ ചാരു കിടക്ക വലിച്ചിട്ടിട്ടുണ്ട്‌.ചെറിയ ഒരു തടി ബെഞ്ചില്‍ തന്റെ അത്താഴവും.. സോമരസവും..
ഞാന്‍ ഒന്ന് പറമ്പില്‍ പോയി വരാം.നിനക്കുറക്കം വരാറായോ കുട്ടാ.?

വെറുതേ പറമ്പിലൂടെ നടന്നു.മതിലുകള്‍ക്കപ്പുറം ഏതോ കല്‍പാന്തകാലങ്ങളുടെ നാടി ഇടിപ്പുകള്‍ കേള്‍ക്കാമായിരുന്നു.ഓര്‍മകള്‍ മറവിയുടെകൂട പ്പിറപ്പാണെന്നൊക്കെയുള്ള സത്യം ഓര്‍ത്തുകൊണ്ടു രാജാവ്‌,വയസ്സന്‍ ആഞ്ഞിലി മരച്ചുവട്ടില്‍ കൗപീനമഴിച്ച്‌ ,ആല്‍മപ്രസന്നനായി തിരിച്ചു വന്നു.

കുട്ടന്‍ നായര്‍ പോയി.എട്ടു മണികഴിഞ്ഞാല്‍, കട്ടിലു കണ്ടാല്‍ പിന്നെ കുട്ടന്‍ ശവം ആണ്‌.

തനിക്ക്‌ വാറ്റുകാരന്‍ ഗോവിന്ദനാണ്‌ ഇത്‌ മാസാ മാസം എത്തിക്കുന്നത്‌.പഴയ രാജ ബന്ധത്തിന്റെ നന്ദി.സോമരസം ഗ്ലാസില്‍ പകര്‍ന്നു.ഒന്ന്‌.രണ്ട്‌.

ദേവയാനി നടന്നു വരുന്നു.മതി.ഇനി അത്താഴം കഴിക്കു. പിന്നീട്‌ മുറുക്കിച്ചുമപ്പിച്ച ചുണ്ടുകളുമായി നമുക്ക്‌ ആടുന്ന ഈ സപ്രപഞ്ചകട്ടിലില്‍ കിടക്കാം.ഉറങ്ങാതേ നക്ഷത്രങ്ങള്‍ പറയുന്ന രഹസ്യങ്ങള്‍ കേള്‍ക്കാം. അകലങ്ങളില്‍ കാണുന്ന നിഴലുകള്‍ കണ്ടു പേടിച്ചു കെട്ടിപ്പിടിച്ചുറങ്ങാം.
വെറുതേ ചിരിച്ചു.ഒക്കെ തോന്നലാണ്‌.മൂന്നാമതും പിന്നെ നാലാമതും....നിലാവുള്ള രാത്രിയാണ്‌. പറമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കമുകിന്‍ നിഴലുകള്‍ക്ക്‌ പണ്ടെങ്ങും തോന്നാത്ത മനോഹാരിത.
നീരാഴിയില്‍ നിന്നു കേട്ട ശബ്ദത്തിന്‌ സ്ത്രീ ഗന്ധം. കൊക്രൂണിയുടെ പരിസരത്തുനിന്നു കേട്ട ശബ്ദവും,ആകാശത്തുനിന്നു പൊഴിഞ്ഞു വീണ നക്ഷത്രങ്ങളുടെ മൗനങ്ങള്‍ക്കും പറയാന്‍ ഒന്നു മാത്രം.
ചാരുകിടക്കയില്‍ മലര്‍ന്നു കിടന്ന്‌ പൂര്‍ണ ചന്ദ്രനെ നോക്കി,കമുകിന്റെയും തെങ്ങുകളുടെയും നിഴലില്‍ മറ്റൊരു നിഴലായി പാവം രാജാവ്‌ ഒരു കഥകളും പറയാനാവാതെ,ഒരു വലിയ കഥയായി കിടന്നു.

Friday, August 11, 2006

രൂപാന്തരങ്ങള്‍

ഹരിനാമകീര്‍ത്തനം വായിച്ച കുട്ടന്‍ നായരെ ക്കുറിച്ചു പറയാതെ ഈ രാജാവിനൊന്നും പറയാനൊക്കില്ല.

ദേവയാനിയെ ഓര്‍ത്തു ഒരു കുടം കണ്ണീരൊഴിച്ചു കരഞ്ഞ സാലഭഞ്ജികകള്‍ക്കു വരെ പറയാന്‍ ഒത്തിരി കഥകള്‍.
വവ്വാലുകള്‍ പറക്കുന്ന തട്ടിന്‍പുറങ്ങളില്‍ വേട്ടാവളിയന്മാരുണ്ടാക്കിയ ചെറിയ സുഷിരങ്ങള്‍ക്കു പോലും പറഞ്ഞാല്‍ തീരാത്ത കഥകള്‍.
കൊക്രൂണിയുടെ അഗാഥ ഗര്‍ത്തങ്ങളില്‍ ഉറങ്ങുന്ന ഭൂതത്താന്‍ തവളയ്ക്കും പറയാന്‍ കഥകള്‍.

ആരവിടെ. അതു കുട്ടന്‍ നായരായി മാറിയ അവസ്ഥാന്തരത്തിനും ആയിരം കഥകള്‍.


ഒരുപകഥകളും ഇല്ലാതെ സത്യത്തിന്റെ മഹാല്‍ഭുതങ്ങളുടെ ,മുന്നില്‍ കാലം ഒരു പ്രഹേളികയുടെ പരിവേഷം അണിയുമ്പോള്‍..എവിടെയോ കുട്ടന്‍ നായരെന്ന മഹാ സത്യം രാജാവിന്റെ മുന്നില്‍ .. തലമുറകള്‍ക്കു മുന്‍പെങ്ങോ ഏതോ അടിച്ചുതളിക്കാരിക്കു ദാനമയി നല്‍കിയ രാജ രക്തത്തിന്റെ അവസാന കണ്ണിയായ്‌ കുട്ടന്‍ നായര്‍.കഞ്ഞി കുടി കഴിഞ്ഞ രാജാവു വെളിയില്‍ ഇട്ടിരുന്ന ചാരു കസേരയില്‍ ഇരുന്നു.
കുട്ടന്‍ നായരേ. മാത്ര്ഭൂമി പ്പത്രവുമായി വന്ന കുട്ടന്‍ നായരൊടു രാജാവു പറഞ്ഞു. ആ ചെല്ലമിങ്ങു കൊണ്ടു വരൂൂ.പഴയ ചീനഭരണിയില്‍ നിന്നും കൈ ഇട്ടെടുത്ത പാക്കുകള്‍ വെട്ടി വെറ്റിലയുമായി രജാവിനെ എല്‍പിച്ചു കുട്ടന്‍ നായര്‍ നടന്നു പോയി.
മുറുക്കി .രസിച്ചു തുപ്പിയതിനുശേഷം രാജാവു എഴുന്നേറ്റു.
മണ്ടയുണങ്ങി നിന്ന വാഴകളുടെ തല കൊയ്തെടുത്തു.
വെറുതേ ഇടനാഴിയിലൂടെ നടന്നു.
സംഗീത പ്പുരയില്‍ ...എപ്പൊഴോ
മറിഞ്ഞു വീണു
കിടന്ന ഏതോ വീണയില്‍ നിന്നും ദേവയാനിയുടെ ശബ്ദം കേട്ടു
ദേവയാനി,കുട്ടന്‍ നായര്‍....
എവിടെ ഞാന്‍ ആരംഭിക്കും.തുടര്‍ച്ചയും അവസാനവും ഒന്നാണെന്നും,ജനനവും മരണവും ഒന്നു തന്നെ എന്നും അറിയാവുന്ന രജാവു ആരും കേള്‍ക്കാതെ ചോദിച്ചു പോയി. ആരവിടേ.

Thursday, August 10, 2006

ദേവയാനി

പള്ളിയുണര്‍ന്നതു കുട്ടന്നായരുടെ "നരനായിങ്ങനെ....ഹരിനാമകീര്‍ത്തനം കേട്ടുകൊണ്ടാണു്'
രാജാവുണര്‍ന്നു വെറുതേ വെളിയിലേക്കു പോയി.ഇരുട്ടു ഉറഞ്ഞു തുള്ളുന്നു.അപ്പുറത്തെ പാര്‍വത്യകാര്‍ കടവിറങ്ങാന്‍ ചിറക്കരയിലേക്കു പോകുന്നു.ആരവിടെ എന്നു ചോദിച്ചില്ല.കുട്ടന്‍ നായര്‍ നില്‍ക്കുന്ന ഭാഗത്തു പോയി."ചായ എടുത്തില്ലാ "അടിയന്‍.മില്‍മാക്കാരനെത്താന്‍ ഏഴു മണി കഴിയും. വെറുതേ രാജാവു ചിരിച്ചുപോയി.ഒരു കാലം,ഈ കൊട്ടാരത്തിലെ ഗോശാലകളില്‍ വെളുപ്പിനേ പാലു ചുരത്തി നില്‍ക്കുന്ന ഗോമാതാക്കളേ വെറുതേ സങ്കല്‍പിക്കാന്‍ ശ്രമിച്ചു.. കുട്ടന്‍ നായരുണ്ടാക്കിയ കട്ടന്‍ കാപ്പിയും കുടിച്ചു രാജാവു് പള്ളി നീരാട്ടിനിറങ്ങി.
ഇരുട്ടിനു` വഴി മാറി രാജാവു് നീരാഴിയിലേക്കു നടന്നു.കൊക്രൂണിയില്‍ നിന്നും ഒരു തവള എടുത്തു ചാടി നീരാഴിയിലേക്കു കുതിച്ചു.കല്‍പടവുകളില്‍ ഇരുന്നു് ഉമിക്കരി കൊണ്ടു പല്ലു തേച്ച രാജാവു് വെള്ളത്തിലേക്കു് നീട്ടി തുപ്പി.വലിയ കാരണവന്മാര്‍ കൗപീനം നനച്ചിടുന്ന അയയില്‍ തന്റെ കൗപീനം 501 സോപ്പില്‍ കഴുകി വിരിച്ചിട്ടു. ദീര്‍ഘമായി നെടുവീര്‍പ്പിട്ടു് രാജാവു` വെള്ളത്തിലേക്കിറങ്ങി. കുള ഭിത്തിയരുകില്‍ ഒളിച്ചിരുന്ന ഒരു നീര്‍ക്കോലി കുതിച്ചു വെള്ളത്തിലൂടെ ഓളിയിട്ടു പോയി'വെറുതേ രാജാവു പറഞ്ഞു പോയി. അല്ലാ നീര്‍ക്കോലി ഗ്രഹണത്തിനല്ലേ നീ തല പൊക്കുന്നതു്.
കുളിച്ചു നിന്നപ്പോള്‍ രാജാവു് വെറുതേ കൊട്ടാരം സ്ത്രീകള്‍ പണ്ടു കുളിച്ചിരുന്ന കല്ലുകള്‍ കൊണ്ടു കെട്ടി മറച്ച കടവിലേയ്ക്കു നോക്കി പോയി.രാജ്ഞിയുടെ ഓര്‍മ്മ ഒരു കൊല്ലിയാന്‍ പോലെ രാജാവിന്റെ മനസ്സില്‍. ദേവയാനി.
രാജാവു ചിരിച്ചു.ഉണങ്ങിയ കൗപീനം ധരിച്ചു` നടന്നു നീങ്ങുന്ന രാജാവിനെ കണ്ട സാലഭഞ്ജികകള്‍ ദേവയാനിയേ ഓര്‍ത്തൊരുകുടം കണ്ണുനീര്‍ പൊഴിച്ചു.കുട്ടന്‍ നായര്‍ കഞ്ഞിയും പുഴുക്കും പ്രഭാതഭക്ഷണമായ്‌ ഒരുക്കി പാവം രാജാവിനെ കാത്തിരിക്കുകയായിരുന്നു.

Wednesday, August 09, 2006

പള്ളി ഉറക്കം

രാജാവു് പള്ളി ഉറ‍ങാന്‍ കിടന്നു.


കൊട്ടരത്തിലെ നിശ്ശബ്ദത രാജാവിനു് ,ഓര്‍മ്മകളുടെ രഥ യാത്ര ഒരുക്കി.


വെറുതേ ചോദിച്ചു പോയി ആരവിടെ.
ആരും അവിടെയൊന്നുമില്ലെന്നറിയാമെങ്കിലും പഠിച്ചതു് മറക്കനൊക്കില്ലല്ലോ.തലയാണയുടെ അടുത്തിരുന്ന വാളിനെ കുറച്ചു കൂടി ചേറ്ത്തു വയ്ച്ചു.
സാലഭഞികകള്‍ ചിലങ്ക അണിയുന്നതും കൊട്ടരത്തില്‍ ദേവതുന്ദിഭി നാദമുണരുന്നതും രാജാവറിന്ഞു.

ഒരു പള്ളിയുണര്‍ത്തലിന്‍റെ മണി നാദത്തിനായി രാജവുറന്ങാന്‍
ശ്രമിച്ചു.

ആദ്യ വിളംബരം


ആരവിടെ
വീണ്ടും ചോദിച്ചു ആരവിടെ,

അടിയന്‍ എന്നുള്ള ശബ്ദത്തിനായി രാജാവു് കാതോര്‍ത്തു.
ഇല്ല. ആരുമില്ല.
പിന്നെ രാജാവു് തന്‍റെ വിളംബരം ഒന്നു കൂടി ഓടിച്ചു നോക്കി.
ആദ്യമായി കുറേ ദിവസ‍ന്ങള്‍ കൂടി ആല്‍മാര്‍ഥമായി ചിരിച്ചു.
ഒരു തീരുമാനമെടുക്കാന്‍ ഒക്കാതെ രാജാവു മൂന്നു നാലു ചാലുകള്‍ അന്ങോട്ടും ഇന്ങൊട്ടും നടന്നു.

കൊട്ടാരത്തിനുള്ളിലെ ഇടനാഴികളില്‍ ഒളിച്ചുനിന്ന ഇരുട്ട് രാജാവിനെ കൊ‍ഞ്ജനം കുത്തി.
സാല ഭ‍ഞ്ജികകള്‍ ചിലങ്കകള് ഊരി വച്ചു.

സേവകരില്ലാതെ രാജവൈദ്യന്മാരില്ലാതെ,
പള്ളി ഉറക്കം നഷ്ടപ്പെട്ട രാജാവു് തന്‍റെ ആദ്യത്തെ വിളംബരം കീറി കാറ്റില്‍ പറത്തി.

പൊട്ടിച്ചിരിച്ചു കൊണ്ടു വീണ്ടും ചോദിച്ചു.

ആരവിടെ.


Friday, July 21, 2006

അനുഭവങ്ങളുടെ രാജാവിനു് ആദ്യം കിട്ടിയ സമ്മാനങ്ങള്‍

3 Comments Close this window

Collapse comments


ശ്രീജിത്ത്‌ കെ said...
സ്വാഗതം രാജാവേ,ഈ ബ്ലോഗിന്റെ പേര്‍ മലയാളത്തില്‍ ആക്കുകയാണെങ്കില്‍ ഇവിടെ അത് അക്ഷരമാലക്രമത്തില്‍ വന്നേനേ.ഈ സെറ്റിങ്ങ്സ് കൂടെ കണ്ടോളൂ
4:11 PM

ദിവാസ്വപ്നം said...
രാജാവേ,അനുഭവങ്ങളുടെ കാര്യത്തില്‍ വെറും പ്രജകളായ ഈ പാവങ്ങളെ സമ്പന്നരാക്കൂ....സ്വാഗതം.. ഇനി കലക്കിമറിക്കൂ......
4:23 PM

ദിവാസ്വപ്നം said...
വേര്‍ഡ് വെരിഫിക്കേഷന്‍ ഇടൂ...(ബ്ലോഗ്സ്പോട്ട് സെറ്റിംഗ്സ് > കമന്റ്സ് > - ല്‍ എട്ടാമത്തെ ചോദ്യം : Show word verification for comments? യേസ് എന്ന് ഉത്തരം കൊടുത്താല്‍ മതി)അപ്പോള്‍ കാണാം...
4:26 PM
ഒരു രാജാവിനു്,ഒത്തിരി ഒത്തിരി അനുഭവങ്ങള്‍ പങ്കു വയ്ക്കണം.ഓര്‍മകളുടെ നിഴലുകളില്‍...മറവിയുടെ മഹാഗര്‍ത്തങ്ങളില്‍ ‍ നിന്നു് ,അനുഭവങ്ങളുടെ മുത്തു വാരാന്‍,ശ്രമിക്കട്ടെ.അനുഭവങ്ങളുടെ രാജാവു്.
posted by രാജാവു് at 3:39 AM on Jul 21 2006

അനുഭവങ്ങളുടെ രാജാവു്

അനുഭവങ്ങള്‍....
ഓര്‍മ്മകള്‍................
ഒത്തിരി ഒത്തിരി സമ്പാദ്യങ്ങള്‍.....

എന്താണു സമ്പാദ്യം...................അനുഭവങ്ങള്‍.
ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങുന്നതിനുമുന്‍പു് കാലിടറി വീണു.

ആദ്യം എഴുതാന്‍ തുടങ്ങി.

ആരംഭിച്ചപ്പോള്‍ തന്നെ..
സ്വാഗതം ഏകിക്കൊണ്ട് അഭ്യുതയകാംഷികള്‍ കടന്നു വന്നു.
ഓര്‍ക്കുന്നു .....

അവരെഴുതിയ അടിക്കുറിപ്പുകളെ ഓറ്ക്കുന്നു ..... [ അവരോര്‍ക്കുന്നുവെങ്കില്‍ വീണ്ടും ആ കമെന്റ്സിനു്
കേഴുന്നു മമ ഹ്രുദയം]
ഞാന്‍ എഴുതാന്‍ ശ്രമിക്കട്ടെ.അനുഭവങ്ങളുടെ രാജാവു്.