Friday, September 01, 2006

പുനര്‍ജ്ജനികള്‍‍‍

ഈട്ടി തടിയുലുണ്ടാക്കിയ ചാരു കസേര മൊത്തം ഒരു കുഴപ്പക്കാരനേപ്പോലെ.
ഒരു സുഖോം ഇല്യാണ്ടായിട്ടു് കാലം കുറേ ആയി..കാലു വയ്ക്കുന്ന കസേരയുടെ കൈ ഒന്നു ഒടിഞ്ഞു പോയതു് ശരിയാക്കാന്‍ തര പ്പെട്ടിട്ടില്ല.

കുട്ടനോടൊരു ആശാരിയെ വിളിക്കണമെന്നു പറഞ്ഞു കാലം കുറെ ആയി.ആശാരിമാരൊന്നുമില്ലാ ഒന്നുമില്ലാ എന്നു വന്നു പറയും ശുംഭന്‍.ഇന്നതു കൂടി ഒന്നറിയണം.ചുമ്മാ കൊട്ടാരത്തില്‍ ഒതുങ്ങിയാല്‍ ഒന്നും ശരിയാവില്ല.ഉണങ്ങാനിട്ടിരുന്ന ഒരു പുള്ളി കൗപീനം എടുത്തണിഞ്ഞു.
പുളിയിലക്കരയന്‍ വേഷ്ടിയും.ഒരു തോര്ത്തും പുതയ്ക്കാം..
ഉണങ്ങിയ ഒരു തോര്‍ത്തനെ പിടിച്ചു നൂക്കാന്‍ നോക്കി. ഇല്ല അവന്‍ ഒരു വടിയായിരിക്കുന്നു. ശവം
പിന്നെ തിരുവാഭരണപ്പെട്ടി തുറന്നു. ഒരു കുശിനി നെര്യതങ്ങൊട്ടെടുത്തു.

കൊട്ടാരം പൂട്ടി കുട്ടനുമായി നടന്നു.ഉച്ച വെയിലിനു അസലായി ചൂടുണ്ടു് .
ആരേയും പഴിച്ചില്ല...നടന്നു.നേരെ അമ്പല മുറ്റത്തേക്കു്.
അടിയന്‍ ആ പരമു ആശാരിയുയുടെ കുടിലില്‍ പോയി നോക്കാം കുട്ടന്‍ നായര്‍..
രാജാവു മനസ്സില്‍ പറഞ്ഞു .പാവം കുട്ടന്‍.കുടിലൊക്കെ എന്നേ മാറിയ കഥയൊന്നും അറിഞ്ഞിട്ടില്ല .
പരമുവിന്റെ രണ്ടു മക്കളും ഗള്‍ഫിലാണു്.മണി മാളികയാണു് പണിഞ്ഞു വച്ചിരിക്കുന്നതു് .

കുട്ടന്‍ നടന്നു നീങ്ങി.ഒരു കാലഹരണപ്പെട്ട പുരാവസ്തുപോലെ..രാജാവു നടന്നു. എതിരേ വന്ന സ്കൂള്‍ പിള്ളേര്‍ പറഞ്ഞു ചിരിക്കുന്നതു കേട്ടു."പാവം രാജാവു്. "

രാമോട്ടു മഠത്തിലേ വാതുക്കല്‍ നിന്ന ഉണ്ണൂലി ചോദിച്ചു.എങ്ങൊട്ടാ ? ഇവിടം വരെ.
വെറുതേ കണ്ണു പായിച്ചു.ദേവകി അന്തര്‍ജ്ജനം വെളിയില്‍ കിണറിനു സമീപമുള്ള കിളിമരത്തിന്‍ നിഴലില്‍ നില്‍ക്കുന്നതു കാണാമായിരുന്നു.
സുന്ദരി ആയിരുന്നു ദേവകി. കാലം കോറിയ വരകളില്‍ ദേവകി നരച്ചു വല്യമ്മയായതു് ദുഖത്തോടെ രാജാവു കണ്ടു.

ഒന്നുമോര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു നടന്നു.

കല്‍പടവുകള്‍ കയറുമ്പോല്‍ ക്ഷീണം തോന്നുന്നോ.

താനും നരച്ചുപോയതും കാലത്തിന്റെ ചിത്ര രചനയില്‍ ഒരു വയസ്സന്‍ ചിത്രമായതും ഒന്നും തന്നെ ഓര്‍ക്കാതെ നടന്നു.
ഉതി മരത്തണലില്‍ ഇത്തിരി കാറ്റു കൊള്ളുക.മുതുക്കന്‍,മുതു മുതുക്കന്‍ ഉതി തന്നോടു ചോദിച്ചു.
അല്ലാ കെളവന്‍ രാജാവിന്നെന്താ ഇങ്ങോട്ടൊക്ക്‌. ചിരിച്ചു.

പിന്നീടു് ആ മുതുക്കനെ ഓര്‍ത്തിരുന്നു കുറെ നേരം.

പണ്ടുപുരാതനമായ ഉതി.

ഇല നിബിഡമായിരുന്ന ആ വൃക്ഷ ച്ചുവട്ടില്‍ വിശ്രമിച്ചു മരിച്ചു പോയ തലമുറകള്‍ ഒത്തിരി ഒത്തിരി.രാജാവിന്റെ പിതാമഹന്റെ പിതാമഹനും
കണ്ട ഉതിയുടെ മുന്നിലെ സിമന്റു തിട്ടയില്‍ ഇരുന്നപ്പോള്‍ വൃശ്ഛിക കാറ്റു പടിഞ്ഞാറോട്ടു വീശുന്നുണ്ടായിരുന്നു.തിളച്ചു കിടക്കുന്ന തളക്കല്ലുകള്‍. ശാപ മോക്ഷം കൊതിക്കുന്ന ബലിക്കല്‍പുര .
ആളൊഴിഞ്ഞ കളത്തട്ടിലില്‍ ചതുരങ്ങക്കളങ്ങള്‍ കഴിഞ്ഞ കാലങ്ങള്‍ ഓര്‍ത്തു് നെടുവേര്‍പ്പിടുന്നു.

ആനകൊട്ടിലില്‍ ഉറങ്ങുന്ന പഞ്ചവാദ്യമേളങ്ങള്‍..ഉതി മരച്ചോട്ടിലെ സിമന്റു തറയില്‍ വെറുതേ കിടക്കുമ്പോല്‍ കാലം ഒരു കഥകളിയുടെ കേളി കൊട്ടു നടത്തുകയായിരുന്നു.

വൃശ്ഛിക കാറ്റിന്റെ തലോടലില്‍ കുട്ടന്‍ നായരുടെ കഥ പുനര്‍ജനിക്കുകയായിരുന്നു.


ദൂരെയുള്ള കോളെജില്‍ നിന്നു് പഠിപ്പിനിടയിലേ ഏതോ ഇടവേളയില്‍ വരുമ്പോള്‍ തന്നോളം പ്രായം തോന്നിപ്പിക്കുന്ന ഒരു ചെക്കനെ കണ്ടിരുന്നു കൊട്ടാരത്തില്‍.
പുറത്തു ജോലികള്‍ ചെയ്യുന്ന ആ ചെറുക്കനേ കുട്ടാ കുട്ടാ എന്നു് മുത്തശ്ശി വിളിക്കുന്നത്‌ കേള്‍ക്കാമായിരുന്നു.

മാസാ മാസം വന്നു് സര്‍പ്പകോപമുണ്ടാകാതിരിക്കാന്‍ പാട്ടുമായെത്തുന്ന പുള്ളുവ പ്പണിക്കനില്‍ നിന്നാണു` ആ കഥ അറിയുന്നതു്.

വര്‍ഷങ്ങള്‍ക്കു മുമ്പേതോ ഒരു മുതു മുത്തശ്ശനുണ്ടായ ഒരു ഉള്‍വിളിയുടെ പാപവും നോവും പേറി ഒരു അടിച്ചുതളിക്കാരി കഴുവിടാന്‍ കുന്നു ദു:സ്വപ്നം കണ്ട്‌ ഉറങ്ങാതെ കിടന്നു.
മാലോകരുടെ മുന്നില്‍ വച്ചു് തിളയ്ക്കുന്ന എണ്ണയില്‍ കൈ മുക്കാനോ ഭ്രഷ്ടു കല്‍പിച്ചു് കുടി അടച്ചു് പിണ്ണം വെക്കുന്നതിനോ നില്‍ക്കാതെ എങ
്ങോ ഓടിയൊളിച്ച കുഞ്ഞേലി അമ്മയുടെ കഥകള്‍ മുതു മുത്തശ്ശിയില്‍ നിന്നും കേട്ടിരുന്നു.ആരില്‍ നിന്നോ തലമുറകളുടെ കണ്ണികളിലെ ഒരു
കണ്ണിയായ കുട്ടന്‍ നായരായി ജന്മാന്തരങ്ങളുടെ വിഴുപ്പു ഭാണ്ടവുമായി കൊട്ടാരത്തില്‍ എത്തപ്പെട്ടതും വിധി.
പിന്നൊരിക്കല്‍ കോളജു് അവധിക്കു വന്ന്പ്പോള്‍ കുട്ടന്‍ നായരില്ലായിരുന്നു.ആരോ പറഞ്ഞു.കുട്ടന്‍റെ തിരോധാനം കൂടെ ക്കൂടെ ഉണ്ടാവാറുണ്ടെന്നും കുറച്ചു നാള്‍ ഊരു ചുറ്റി തിരിച്ചു വന്നോളുമെന്നും. ശരി ആയിരുന്നു പൊക്കണ സഞ്ചിയുമായിറങുന്ന കുട്ടന്‍ നായര്‍ ഊരുചുറ്റി വീണ്ടും വീണ്ടും കൊട്ടാരത്തില്‍ തിരിച്ചെത്തിയിരുന്നു.
എന്നാല്‍ ‍ഒരു ദിവസം മുത്ത്ശ്ശിയോടു പോലും പറയ്യാതെ എങ്ങോട്ടോ പോയി കുട്ടന്‍ നായര്‍. എവിടെയെക്കെയോ ചുറ്റിത്തിരിഞ്ഞ അയാളെ
വര്‍ഷങ്ങളോളം ആരും പിന്നെ കണ്ടില്ല. കുട്ടന്‍ നായര്‍ മറവിയുടെ മഹാഗര്‍ത്തങ്ങളില്‍ മൂടപ്പെട്ടു.പഠിത്തം കഴിഞ്ഞതും തന്റെ വേളി കഴിഞ്ഞതും ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു.

മുത്തശ്ശി മരിക്കാറായി ക്ലിടക്കുന്ന ദിവസങ്ങള്‍.

പെരുമ്പറ കൊട്ടിയ പാണനാര്‍ പറഞ്ഞു. കളത്തട്ടിലില്‍ ‍ ഒരു വഴിപോക്കന്‍ വന്നിരിക്കുന്നു.
ചോദ്യങ്ങള്‍ക്കു് മറുപടിയില്ലാത്ത തിളങ്ങുന്ന
കണ്ണുകളുള്ള ഒരാള്‍.

ആരൊക്കെയോ വരുത്തനെ കണ്ടു.കണ്ടവര്‍ കണ്ടവര്‍ പല പല കഥകളും പറഞ്ഞു.

കളത്തട്ടിലില്‍ രാത്രി ഉറങ്ങി രാവിലെ നിര്‍മാല്യം കണ്ടു തൊഴുതു, കൊട്ടാരം വാതുക്കല്‍ വന്നു നിന്ന പഥികനെ കാവല്‍ക്കാര്‍ ചോദ്യം ചെയ്തില്ല.

മരിക്കാറായി കിടന്ന മുത്ത്ശ്ശിയുടെ മുന്‍പില്‍ നിന്ന പഥികനെ വീണ്ടും കുട്ടന്‍ നായരായി വാഴിക്കുമ്പോള്‍ നിമിത്തമായി നിന്ന താന്‍ ജന്മജന്മാതരങ്ങളുടെ ഒരു പാവം രാജാവായി മാറുകയായിരുന്നു.ബലിക്കല്‍പുരയില്‍ നിന്നും ഉച്ചയൂണിന്റെ അവശിഷ്ടം തിന്നൊരു കള്ള ക്കാക്ക ഉതിയുടെ ഒരു ശിഖരത്തില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതു കണ്ടുകൊണ്ടാണു രാജാവുണര്‍ന്നു പോയതു്.അല്ലാ,ഇന്നു് പതിവില്ലാതെ.മേല്‍ ശാന്തിയാണു്.അമ്പലം തുറക്കാന്‍ പോകുകയാണു`.
തിരുമേനിയുടെ തോളില്‍ ഇരിക്കുന്ന താക്കോല്‍ കൂട്ടം ചിരിക്കുന്നു.അഹങ്കാരത്തോടെ.ഭഗവാനെ ബന്ധിച്ചിരിക്കുന്നതിന്റെ അഹന്ത.
മെല്‍‍ശാന്തിയോടു കുശ്ശലം പറഞ്ഞു് രാജാവെഴുന്നേറ്റു.
കുട്ടന്‍ നായര്‍ നടന്നു വരുന്നതു കാണാമായിരുന്നു.കൂടെ ആടി ആടി വരുന്ന പരമു മേശിരിയും.


‍‍‍‍